പോക്സോ കേസ്: പ്രതി മുന്ന എന്ന ശിവകുമാറിന് 17 വർഷം കഠിനതടവും പിഴയും
കാസറഗോഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ശിവകുമാർ എന്ന മുന്നയെയാണ് കാസറഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. 2019 ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസ്സുകാരനെ പ്രതി കൂട്ടിക്കൊണ്ടുപോയി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.
2019-ൽ കാസറഗോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറും നിലവിൽ ഐ.പി.എസ്.എച്ച്.ഒയുമായ മെൽബിൻ ജോസാണ്. തുടർന്ന് ഇൻസ്പെക്ടർ സി.എ. അബ്ദുൾ റഹീം അന്വേഷണം വ്യാപിപ്പിക്കുകയും അന്നത്തെ ഇൻസ്പെക്ടർ പി. രാജേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ. കോടതിയിൽ ഹാജരായി.
