കാഞ്ഞങ്ങാട് :മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം. മാധ്യമ -സാഹിത്യ-സാംസ്കാരികമേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. പുല്ലൂർ -പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ കല്ലുമാളം സ്വദേശിയായ പ്രഭാകരൻ 1996മുതൽ മാധ്യമരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയാണ്. പരാജിതന്റെ പൂന്തോട്ടം, പഞ്ചുരുളിയും കരിഞ്ചാമുണ്ഡിയും, കഴുത്തിനു മുകളിൽ ശൂന്യം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള പുരോഗമന വേദിയുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ്, തുളുനാട് മാധ്യമ അവാർഡ് എന്നിവ ലഭിച്ചിരുന്നു. കാർട്ടൂൺ രചനയിലും മികവ് തെളിയിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും സംയുക്തമായി കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ പ്രഭാകരന്റെ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ചാലിങ്കാൽ സൺഡെ സ്കൂൾ, കാസർകോട് ജില്ലാ സാംസ്കാരിക വേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും പ്രഭാകരന്റെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.അന്തരിച്ച നാടക കലാകാരൻ കെ കുമാരൻ നായരുടെയും ചിത്രകാരി അമ്മാളു അമ്മയുടെയും മകനായ പ്രഭാകരൻ ദേശാഭിമാനി കാഞ്ഞങ്ങാട് ഏരിയ റിപ്പോർട്ടറാണ്.
ഒക്ടോബർ 12ന് ഉച്ചക്ക് തിരുവന്തപുരം കാവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ ഡോക്ടർ ബി എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിക്കും.
Tags:
കാഞ്ഞങ്ങാട്.
